12/5/17

സ്നേഹം കൊണ്ടു പൊതിഞ്ഞ സമ്മാനങ്ങളുമായി അവരെത്തി. ------------------------------------------------- തങ്ങളോടൊപ്പം പഠിക്കുകയും , കളിക്കുകയും ചെയ്യേണ്ട സമപ്രായക്കാരായ സഹോദരിമാരോടൊപ്പം ശിശുദിനമാഘോഷിക്കാൻ. വട്ടംകുളം നെല്ലിശ്ശേരി എ യു പി സ്കൂളിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരുമാണ് ആലങ്കോട് പഞ്ചായത്തിലെ കക്കിടിക്കലിൽ താമസിക്കുന്ന ഭിന്നശേഷിക്കാരായ നസ്രിയേയും നൗഫിയയേയും അവരുടെ വസതി സന്ദർശിച്ച് ഒരു 'ഹോം ലൈബ്രറി 'സമ്മാനിച്ചത്. വീൽ ചെയറിലും സ്ട്രക്ച്ചറിലുമായാണ് ജീവിതമെങ്കിലും വായിക്കാനും കരകൗശല വസ്തുക്കൾ നിർമ്മിക്കാനും കലാപരിപാടികളവതരിപ്പിക്കാനുമെല്ലാം തളരാത്ത മനസ്സുമായി സമയം കണ്ടെത്തുന്ന സഹോദരിമാരെ അനുമോദിക്കുന്ന ചടങ്ങ് ആലങ്കോട് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ഇ .ആർ.ലിജേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. ചങ്ങരംകുളം പോലീസ് സബ് ഇൻസ്പെക്ടർ കെ.പി.മനേഷ് പുസ്തക പ്പൊതി സമ്മാനിച്ചു. തുടർന്ന് ക്ലാസ് ലീഡർമാർ അതതു ക്ലാസുകളിൽ നിന്ന് സമാഹരിച്ച പുസ്തകങ്ങൾ കൈമാറി. വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കഴുങ്കിൽ മജീദ്, എസ്.എസ്.എ.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സി.എസ്.ഹരിശങ്കർ, പി.ടി.എ.പ്രസിഡണ്ട് സി.വി.ഹംസത്തലി, വൈസ്.പ്രസിഡണ്ട് റഷീദ് കെ.മൊയ്തു, ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ, പി.കെ. മൂസ, എ.എം.ഫാറൂക്ക്, എം.വി.ഷീല, കെ.ശ്രീജ, പ്രിയാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.